February 9, 2023

BSE¶ ASE

സൈബി ജോസ് കിടങ്ങൂർ ഉൾപ്പെട്ട കോഴ/അഴിമതി ആരോപണങ്ങൾ സംബന്ധിച്ച കേസുകളും അവയോടനുബന്ധിച്ച മറ്റു കേസുകളും പോകുന്ന പോക്ക് കണ്ടിട്ട് നമ്മുടെ കേരള ഹൈക്കോടതിയിലെ ന്യായാധിപകൂട്ടത്തെ 6 തരമായി വേർതിരിക്കേണ്ടിയിരിക്കുന്നു. A- B-C-D-E- F !! അനിവാര്യമായ ആ തരംതിരിയലിൽ 6 ഇനം ന്യായാധിപർ ഏതൊക്കെ എന്നത് വിശദീകരിക്കാം. ശ്രദ്ധിച്ചു വായിക്കുമല്ലോ, പ്ലീസ് 
A. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകൾ ഒന്നും തന്നെ പരിഗണിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലാത്ത ന്യായാധിപർ.
B. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകളിൽ 100% ന്യായാധിപമനസോടെ കേസ് രേഖകൾ പരിശോധിച്ച് വിശകലനം ചെയ്ത ശേഷം വരികൾക്കപ്പുറം പോകില്ല എന്ന നിർബന്ധബുദ്ധിയോടെ നിയമത്തിന്റെ ചട്ടകൂടിനകത്ത് നിന്നുകൊണ്ട് മാത്രം ഉത്തരവുകൾ നൽകിയിട്ടുള്ള, കൈയ്യിൽ ചെളി പുരണ്ടിട്ടില്ലാത്ത ന്യായാധിപർ. 
C. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകളിൽ അറിഞ്ഞോ അറിയാതെയോ വഴിവിട്ടതും ഏകപക്ഷീയവും നിയമത്തിനതീതമായതുമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ള ന്യായാധിപർ. 
D. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഉൾപ്പെട്ട കോഴ/അഴിമതി ആരോപണങ്ങൾ പുറം ലോകമറിഞ്ഞപ്പോൾ മാത്രം സ്വന്തം രക്ഷയ്ക്കായി താൻ ചെയ്ത തെറ്റ്/വീഴ്ച്ച /കുറ്റം തിരുത്താൻ വേണ്ടുന്ന മുൻകൈ എടുത്തവരായ മേൽപ്പറഞ്ഞ C കാറ്റഗറിയിൽ ഉൾപ്പെടുന്ന ന്യായാധിപർ.  
E. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകളിൽ വഴിവിട്ടതും ഏകപക്ഷീയവും നിയമത്തിനതീതമായതുമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത് എന്നത് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാത്തവരായ മേൽപ്പറഞ്ഞ C കാറ്റഗറിയിൽ ഉൾപ്പെടുന്ന ന്യായാധിപർ. 
F. അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരാവുന്ന കേസുകളിൽ മേൽപ്പറഞ്ഞ C കാറ്റഗറിയിൽ ഉൾപ്പെടുന്ന ന്യായാധിപർ പുറപ്പെടുവിച്ച വഴിവിട്ടതും ഏകപക്ഷീയവും നിയമത്തിനതീതമായതുമായ ഉത്തരവുകൾ തിരുത്തേണ്ടതും അത്തരം കേസുകളെ ഇനിയെങ്കിലും നേർവഴിക്ക് കൊണ്ടുവരികയും നിയമാനുസൃതമായി നീതിയുക്തമായി പരിഗണിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ന്യായാധിപർ. 

ഫീലിംഗ്: മേൽപറഞ്ഞ 6 തരം ന്യായാധിപ ഇനങ്ങളെ തിരിച്ചറിഞ്ഞതിന് ശേഷം ഇതുപോലെ നാട്ടിലെ അഭിഭാഷകരെയും തരം തിരിക്കേണ്ടതുണ്ട്. അതും കഴിയുമ്പോൾ, അതായത്; ഇപ്പറഞ്ഞ ന്യായാധിപ-അഭിഭാഷക കൂട്ടങ്ങളുടെ തരംതിരിവ് പ്രകൃയ പൂർത്തിയായി കഴിയുമ്പോൾ, അനിവാര്യമായ ആ ശുദ്ധികലശത്തിന് ശേഷം നമ്മുടെ നീതിന്യായവ്യവസ്ഥിതിയുടെ ചരിത്രത്തെ രണ്ടായി തരം തിരിക്കാൻ നമുക്ക് സാധിക്കട്ടെ - BSE, ASE അഥവാ Before Saiby Era, After Saiby Era എന്ന രണ്ട് കാലഘട്ടങ്ങളായി തരം തിരിച്ച് മുന്നോട്ട് പോകാൻ കേരള ജനതക്ക് സാധിക്കട്ടെ. 

എന്ന് ;  
സൈബി കാലഘട്ടത്തിൽ അഭിഭാഷകയായി ജോലി ചെയ്തു ജീവിക്കുന്നതിൽ നിരാശയും, എന്നാൽ ഇപ്പോൾ കൺമുന്നിൽ കാണുന്നത് ശുദ്ധികലശപ്രകൃയയാണ് എന്ന പ്രത്യാശയുമുള്ള ഒരു അഭിഭാഷക, വെറുമൊരു അഭിഭാഷക -
സംഗീതാ ലക്ഷ്മണ.