---------------------------------
ഒരു പ്രണയിനിയുടെ സത്യവാങ്മൂലം:
ഒരു വട്ടമല്ല, രണ്ട് വട്ടമല്ല ഒരുപാടു വട്ടം കാമുകിപട്ടം അണിഞ്ഞിട്ടുള്ളവൾ ഞാൻ. ഏത് ഗിന്നസ്സ് റെക്കൊർഡും തകർത്തെറിയാവുന്ന വേഗതയോടെ പ്രണയലോകത്തിനകത്തേക്കും പിന്നെ കടുത്ത പ്രസവവേദനയ്ക്ക് തുല്യമായ തീവ്രതയോടെ അവിടുന്ന് പുറത്തേക്കും മുടങ്ങാതെ, മടുക്കാത്ത ഞാൻ സഞ്ചരിച്ചു കൊണ്ടിരുന്നു! വേദനിപ്പിക്കാൻ അറിയാവുന്ന, നെഞ്ച് കീറി പിളർക്കാൻ അറിയാവുന്ന പുരുഷന്മാരോട് എനിക്ക് അനന്തമായ അഭിനിവേശം, ജന്മവാസന എന്നിവയൊക്കെയായിരുന്നു. ഓരോ പ്രണയത്തിലും ഞാൻ ധരിച്ചു ഇതെന്റെ പുരുഷൻ, ഇനി എനിക്ക് മറ്റൊരു പുരുഷൻ ഇല്ല എന്ന്. വിലമതിക്കാനാവാത്ത ആ ധാരണയ്ക്ക് ആയുസ്സുണ്ടായിരുന്നത് അടുത്ത പ്രണയം ജനിക്കുന്നത് വരെ മാത്രം!!! ഇതു കൂടി പറയാതെ വയ്യ- കുത്തഴിഞ്ഞ ഒരു കാമിനിയായിരുന്നില്ല ഒരിക്കലും ഞാൻ. കാമം അല്ല, പ്രണയമായിരുന്നു എന്റെ ശീലം.
പ്രണയം വെച്ചു നീട്ടി എന്നെ സമീപിക്കുന്ന പുരുഷനെ എല്ലാം മറന്ന്, സ്വയം മറന്ന് പ്രണയിക്കാൻ ഞാൻ തയ്യാറായി കൊണ്ടിരുന്നു. പിന്നെയും പിന്നെയും പിന്നെയും ഞാൻ പ്രണയിച്ചു കൊണ്ടിരുന്നു. "നീ നീയായതു കൊണ്ട് നിന്നെ ഞാൻ പ്രണയിക്കുന്നു" എന്ന ധാവിൽ പ്രണയവർണങ്ങൾ കാട്ടിതരാൻ കൈ പിടിച്ച് എന്നെ കൂട്ടി കൊണ്ടുപോയ ഓരോ പുരുഷനും, അല്ല, എല്ലാ പുരുഷനും- പിന്നെ എങ്ങനെ എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കാം എന്ന് മാത്രമായി ശ്രദ്ധ. അവരുടെ പ്രീതിക്കായി, അവരുടെ പ്രണയത്തിനായി ഞാനും ശ്രദ്ധിച്ചു, ആവോളം ശ്രമിച്ചു; ഞാൻ ഞാനല്ലാതെയാവാൻ. എനിക്ക് ഞാൻ എന്നത് ജൂപിറ്ററോ മാർസ്സോ എന്ന അവസ്ഥയിലേക്ക്, ഭയാനകമായ അവസ്ഥയിലേക്കായി പിന്നെ എന്റെ യാത്ര. ഞാൻ പ്രണയിച്ച, എന്നെ പ്രണയിച്ച ഒരു പുരുഷനോടും എന്നെ കുറിച്ച് ഞാൻ വ്യക്തമാക്കിയിരുന്നില്ല, വിശദീകരിച്ചതുമില്ല. എല്ലാം അടങ്ങേണ്ടിയിരുന്ന ആ വിശദീകരണത്തിൽ എന്റെ കാര്യകാരണങ്ങൾ ഞാൻ നിരത്തിയില്ല. പ്രണയം, പ്രണയമല്ലാതെ എനിക്ക് ഉദ്ദേശമില്ലായിരുന്നു, നിബന്ധനകളും ഇല്ലായിരുന്നു. എന്നിരുന്നാലും പുതിയ പുതിയ മാറ്റങ്ങളുമായി പ്രണയിക്കാൻ വേണ്ടി ഞാൻ മാറി കൊണ്ടിരുന്നു.
എന്റെ ആദ്യാനുരാഗം 'ഉടമസ്ഥാവകാശം' എന്ന വാക്കിന്റെ സാധ്യമായ എല്ലാ ഭാവങ്ങളും കാണിച്ചു തന്നു എനിക്ക്. ആ പ്രണയത്തിന് ഇനി ഒരു നിമിഷത്തിന്റെ ആയുസ്സ് കൂടി ഉണ്ടായാൽ എന്റെ ശ്വാസം ഏത് ദിക്കിലേക്ക് എന്നത് പോലും ഞാൻ തീരുമാനിക്കേണ്ടതില്ല എന്ന് തോന്നി എനിക്ക്. കെട്ടുതാലിയുടെ നിയമ സംരക്ഷണം കൊണ്ട് മാത്രം പ്രണയം ജനിക്കുന്നില്ല. പുരുഷനോടൊപ്പം പതിറ്റാണ്ടുകാലം ഇടപഴകിയാൽ ഉണ്ടാവുന്ന പരിചയവുമല്ല പ്രണയം. ഒരു സ്ത്രീയെ, അവളുടെ സ്വഭാവത്തിന്റെ എല്ലാ അതിരുകളെയും മാനിച്ചു കൊണ്ട് സ്നേഹിക്കുന്ന പുരുഷൻ- അവൻ നൽകുന്ന സ്ഥൈര്യമാവണം അവൾക്ക് പ്രണയം. എന്റെ ആത്മാർത്ഥതയെ എന്നും സംശയിച്ച പ്രഥമപ്രണയാത്മനെ ഏറെ ശ്രമിച്ചുവെങ്കിലും ധരിപ്പിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല, എന്നിൽ ബുദ്ധിശൂന്യത ആരോപിച്ചോട്ടെ എന്നാൽ വഞ്ചന എന്നത് എനിക്ക് ഇണങ്ങാത്ത കുപ്പായം എന്ന്.!!
തുടർന്ന് ഉതിർന്ന പ്രണയം- അതും ഞാൻ ഒഴിവാക്കി; മുളയിലെ നുള്ളി!! ആ പ്രണയഭാജനത്തിന് കാമം എന്നത് പ്രണയത്തിന് അവിഭാജ്യഘടകം എന്നത്രെ. ഒരു പുരുഷനെ സ്നേഹിക്കാൻ, ജീവിതത്തിൽ അവനെ ചേർത്തു നിർത്താൻ മദ്ധ്യേ വസ്ത്രങ്ങളുണ്ടായാൽ വിഘ്നം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അച്ചടക്കമില്ലാത്ത ആത്മബന്ധം സ്ത്രീയെ സ്ത്രീ അല്ലാതെയാക്കാൻ മാത്രമെ കൂടുതൽ ഉപകരിക്കൂ എന്ന് ഉറച്ചു തന്നെ ഞാൻ വിശ്വസിക്കുന്നു. ചെറുപ്പത്തിന്റെ പ്രസരിപ്പും ഏറെ മുഖസൗന്ദര്യവും കൈമുതലായി ഉണ്ടായിരുന്ന ആ 'കാമദേവ'നോട് പ്രഥമദൃഷ്ട്യാ തോന്നിയതാണ് എനിക്ക് പ്രണയം. 'മുഖം മനസ്സിന്റെ കണ്ണാടി' എന്ന പഴഞ്ചോല്ലിൽ പതിരില്ല എന്ന് മനസ്സിലാക്കി അകത്തേക്ക് ചാടിയതിലും ഉശ്ശിരോടെ പുറത്തേക്ക് ഞാൻ കുതിച്ചു ചാടി. അന്നു മുതൽ ഏത് പുരുഷനെയും രണ്ടാമത് ഒരുവട്ടം കൂടി നോക്കിയ ശേഷം മാത്രം പ്രണയിച്ചു തുടങ്ങാൻ ഞാൻ ശ്രദ്ധിച്ചു പോന്നു.
പ്രണയം എന്ന ആശയത്തിന്റെ കുട്ടികരണം മറിഞ്ഞ യാഥാർത്ഥ്യമായിരുന്നു എനിക്കായി ജനിച്ച അടുത്ത പ്രേമപാലകൻ. അയാളുടെ അനുമാനങ്ങൾക്കും തീരുമാനങ്ങൾക്കും എന്റെ അനുസരണ അയാൾക്ക് ഏറ്റവും നിർബന്ധമായിരുന്നു. നന്മ അയാൾക്ക് നന്മയും തിന്മ അയാൾക്ക് തിന്മയും തന്നെ. എന്നാൽ നന്മയ്ക്കും തിന്മയ്ക്കും മദ്ധ്യേ ആവശ്യഭാവിയായ ഒരു നയോപായം ഉണ്ട് എന്ന എന്റെ പോഷകജ്ഞാനം സ്വീകരിക്കുക അയാൾക്ക് അസാധ്യമായിരുന്നു. എങ്കിലും ഞാൻ കരുതി ഈ പ്രണയം എനിക്ക് നഷ്ടമായാൽ വൻമതിലിന് മുകളിൽ നിന്ന് താഴേക്ക് വീണ ഹംപ്റ്റി ഡംറ്റിയുടെ അവസ്ഥയാവും എന്റേത് എന്ന്. സ്ത്രീയിൽ ജ്ഞാനം ജനിച്ചാൽ സ്ത്രീത്വം അവൾക്ക് നഷ്ടമാവും എന്ന അയാളുടെ ദാർശനിക ഭോജ്യം എന്നിൽ ദഹനമാന്ദ്യം ഉണ്ടാക്കും എന്നതിനാൽ ഞാൻ നടന്നു നീങ്ങി...പൂർവ്വസ്ഥിതിയിൽ എത്തി ചേരാൻ ഹംപ്റ്റി ഡംപ്റ്റിക്ക് എന്നെങ്കിലും സാധ്യമായിട്ടുണ്ടാവുമോ എന്നു ചിന്തിച്ചു കൊണ്ട് തന്നെ ഞാൻ നടന്നു നീങ്ങി....അടുത്ത പ്രണയത്തിലേക്ക്.!!!
കടന്നു വന്നത് ഒടുവിലെങ്കിലും എനിക്ക് ഏറെ ഉപകരിച്ച പ്രണയം അവസാനമായി വന്ന പ്രിയതമൻ തന്നെ. ആത്മവിശ്വാസവും ഒപ്പം തൂക്കത്തിന് സഹാനുഭൂതിയും കവിഞ്ഞൊഴുകിയ ആ വിഖ്യാത വ്യക്തിത്വം ഇരുട്ടി വെളുക്കും പോലെ ഹിപ്പോക്രിസിയുടെ, സാഡിസത്തിന്റെ അതിക്രൂരഭാവങ്ങൾ കൊണ്ട് എന്നെ ഏറെ ഭയപ്പെടുത്തി, അപകടപ്പെടുത്തി. മാത്രമോ കുറെയേറെ കാലം എന്നെ നിർജീവമാക്കി ആ പ്രണയം. സ്നേഹിച്ചു പോയതിന് ഒരുപാട് ഒരുപാട് സ്നേഹിച്ചു പോയതിന്, എന്റെ നെഞ്ചിനകത്ത് പിടയ്ക്കുന്നത് ആൽക്കലൈൻ ബാറ്ററി അല്ല ജീവനുള്ള ഒരു മനുഷ്യമനസ്സാണ് എന്ന് ഓർമ്മിക്കാൻ വയ്യാത്ത വിധം അയാൾ തികച്ചും അയാൾ മാത്രമായി കഴിഞ്ഞിരുന്നു. കണ്ണിൽ നിന്ന് ചോര പൊടിയുന്നോ എന്ന് സംശയിച്ചു പോയ കുറെ നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച ശേഷം ആ പ്രണയം കടന്നു പോയി! അയാൾ കൂടെയില്ലാത്ത ലോകം ഓക്സിജൻ ഇല്ലാതെ എന്ന പോലെ തോന്നിയിരുന്ന എനിക്ക് പിന്നെ മനസ്സിലായി ഓക്സിജനും പ്രണയവും തമ്മിൽ അതിദൂരബന്ധം പോലുമില്ല എന്ന് !!
ഈ പറഞ്ഞു വെച്ചതിന്റെ സാരം ഇന്നിപ്പോൾ ഞാനൊരു പുരുഷവിദ്വേഷി എന്നല്ല. സ്ത്രീപുരുഷ സമത്വവാദിയുമല്ല ഞാൻ. വിവാഹം എന്ന സാമാന്യസങ്കൽപത്തെ ഞാൻ ഏറെ മാനിക്കുന്നു. എന്നെ പ്രണയിക്കുന്ന, ഞാൻ പ്രണയിക്കുന്ന പുരുഷനെ ഒരു ഒളിച്ചു കളിയുടെ അപമാനമില്ലാതെ, പിരിമുറുക്കമില്ലാതെ, ആത്മനിന്ദയില്ലാതെ പ്രണയിക്കാൻ പരസ്പരം ഒരു വിവാഹം സമ്മാനിച്ചാൽ മാത്രമെ സാധ്യമാവുന്നുള്ളു....മാത്രമോ; സ്ത്രീ, അവളുടെ പുരുഷനെ പിൻതള്ളിയല്ല, ചവിട്ടി മാറ്റിയുമല്ല; അവനോടൊപ്പം നിന്ന്, അവനെ ഒപ്പം നിർത്തി ജീവിതം അനുഭവിക്കുമ്പോഴാണ് സ്ത്രീത്വം ധന്യമാവുന്നത്. നാൽപതാം വയസ്സിൽ എത്തി നിൽക്കുമ്പോൾ, ഒരു വിവാഹമോചനത്തിനും പിന്നെ ഈ പറഞ്ഞു വെച്ച പ്രണയദുരന്തങ്ങൾക്കും മുന്നിൽ ഞാൻ കീഴടങ്ങുമ്പോൾ എന്നെ പിന്നിലാക്കിയത് പുരുഷനല്ല, പ്രണയമാണ്. കാരണം പ്രണയിക്കാൻ പുറപ്പെട്ടപ്പോൾ ഞാൻ തേടിയത് വന്യമായ ഒരു പുറംമോടിയല്ല, ഞാൻ തേടിയത് വാത്സല്യമാണ്, അംഗീകാരമാണ്, ദൃഢതയുള്ള ആത്മസൗഹൃദമാണ് പിന്നെ അങ്ങനെയുള്ള ഒരുപാട് പലതുമാണ്.
എന്നിരുന്നാലും എന്റെ ഓരോ പ്രണയവും- എല്ലാ പുരുഷനും- എനിക്ക് വിലപ്പെട്ടതാണ്. പാതിമനസ്സാലെ വെറുത്തുകൊണ്ട് തന്നെ എന്റെ മുഴുവൻ മനസ്സിലുമായി അവ ഓരോന്നും ഞാൻ അടുക്കിപിടിക്കുന്നു. സാധിച്ചു കൂട്ടിയ തെറ്റുകൾ ഇടവിടാതെ തലോടുന്നത് വരാനിരിക്കുന്നവയെ ഒഴിവാക്കും എന്നത് കൊണ്ട് മാത്രം.
----------------------------------------------------------------
പറഞ്ഞുവല്ലോ, നാൽപതാം വയസ്സിൽ എഴുതിയതാണ് മുകളിൽ വായിച്ചത്. ഇന്നിപ്പോൾ ഇതു കൂടി ഞാൻ തിരിച്ചറിയുന്നു- എന്നിൽ പ്രണയം അസ്തമിച്ചിട്ടില്ല. എന്നിലെ പ്രണയിനി ഉറങ്ങി പോയിട്ടുമില്ല. മുൻപ് കാലത്തേക്കാളൊക്കെ, എന്നത്തെക്കാൾ കൂടുതൽ തീവ്രതയോടെ, ആത്മാർത്ഥതയോടെ, നിസ്വാർത്ഥതയോടെ.....ഒന്നും മറക്കാതെ, സ്വയം മറക്കാതെ തന്നെ പ്രണയം ഞാൻ അനുഭവിക്കുന്നുണ്ട്. ഈ പ്രായത്തിൽ എത്തി നിൽക്കുമ്പോൾ എന്റെ മനസ്സ് കീഴടക്കിയ ഒരാളുണ്ട്. അതെകുറിച്ച് ഞാൻ മുൻപ് ഇവിടെ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ഞാൻ പറയുന്നതും എനിക്ക് അദ്ദേഹത്തോട് പറയാനുള്ളതും ഇങ്ങനെ;
ചില ഇഷ്ടങ്ങളുണ്ട്. ഞാനീ പറയുന്നത് എന്റെ കാര്യമാണ്. എനിക്ക് തോന്നുന്ന ഒരു തരം ഇഷ്ടത്തിന്റെ കാര്യം. കൃത്യമായ ഒരു നിർവചനമില്ല ആ ഇഷ്ടത്തിന്. വിശദീകരണവുമില്ലതിന്. അത്തരത്തിലുള്ള ഇഷ്ടം എനിക്ക് തോന്നിയ ആളിന് എന്നോട് എന്താണ് ഉള്ളത്, എന്തെങ്കിലുമുണ്ടോ എന്ന് ഞാൻ വ്യാകുലപെടുന്നുമില്ല. എനിക്ക് അങ്ങോട്ട് തോന്നുന്നത് എന്തൊക്കെയാണ് എന്നത് എനിക്ക് തന്നെ മനസ്സിലാകാത്തത് കൊണ്ട് കൂടിയാവും അങ്ങനെ. എന്റെ മനസ്സിലുള്ളത് പ്രണയമാണ് എന്ന് എനിക്ക് തന്നെ ചിലപ്പോഴൊക്കെ തോന്നി പോവുമെങ്കിലും; തമ്മിൽ, ഇടയിൽ, പരസ്പരം പ്രണയമുണ്ടോ എന്ന ചോദ്യം സ്വയം ചോദിക്കുന്നത് പോയിട്ട് അങ്ങനൊരു ആശങ്ക എന്റെ മനസ്സിലുദിക്കാൻ പോലും ഞാൻ അനുവദിക്കില്ല. ഇല്ല എന്ന ഉത്തരത്തെ നേരിടാൻ ഞാൻ ഭയക്കുന്നത് പോലെ. ഇല്ല എന്ന ഉത്തരം എന്നെ വേദനിപ്പിക്കും എന്നറിയാവുന്നത് കൊണ്ട് കൂടിയാണത്. കൂടപിറപ്പിനോട് തോന്നും പോലുള്ള, മക്കളോട് ഉള്ളത് പോലുള്ള സ്നേഹവും കരുതലും വാത്സല്യവുമുണ്ട് ആ ഇഷ്ടത്തിന്റെ ഒഴിവാക്കാൻ വയ്യാതെയുള്ള ഘടകങ്ങളായി തന്നെ, എപ്പോഴും. എങ്കിലും തോന്നും, തോന്നി പോവും ചിലപ്പോഴൊക്കെ, ആ മടിയിൽ തല വെച്ചുറങ്ങി പോവണമെന്ന്. അങ്ങനെ വേണമെന്ന്. കാമുകൻ എന്ന് വിശേഷണം അയാൾക്ക് ഇണങ്ങുന്നതെയില്ല എന്ന് എനിക്ക് തന്നെ ബോധ്യമുള്ളപ്പോഴും; തമ്മിൽ, ഇടയിൽ, പരസ്പരം പ്രണയമുണ്ടാവണം എന്ന മോഹമുണ്ടാവും എനിക്ക്.
ഒടുവിൽ, ഇതൊക്കെയെങ്കിലും; എന്നോട് ഇങ്ങോട്ടെന്തെങ്കിലും ഉണ്ടെങ്കിൽ, ആ ഉള്ളത് sweet ആയിരിക്കണം strong ആയിരിക്കണം എന്നത് മാത്രമാവും ഞാൻ ആ ഇഷ്ടത്തിന് നൽകുന്ന, ഇട്ടിരിക്കുന്ന മൂല്യം, വില. തലോടൽ പോലെ, തഴുകൽ പോലെ, നെറുകയിൽ കിട്ടുന്ന ഉമ്മ പോലെയാണ് ആ ഇഷ്ടം.
It's not that I always think about you. But whenever I think about a man I think of you.
You may not belong to me, much as I may never ever want you to..but you are for me, a very precious emotion. All ways. Always.
I love you; separately, differently, strongly.
Happy Valentine’s Day, my Prince; My Precious Prince.
❣️❣️❣️