January 26, 2023

ഹൈക്കോടതിയും കോഴയും പിന്നെ നടപടികളും.

കേരളാ ഹൈക്കോടതി അഭിഭാഷക സംഘടനയുടെ പ്രസിഡന്റ് അഡ്വ. സൈബി ജോസ് കിടങ്ങൂർ നേരിടുന്ന അഴിമതി ആരോപണ കേസന്വേഷണത്തെ സംബന്ധിച്ച് Dr. K. T Jaleel ന്റെ ഫേസ്ബുക്ക് പ്രസ്താവനകൾ നമ്മളൊക്കെ വായിച്ചറിഞ്ഞതാണല്ലോ. തന്റെ മന്ത്രിസ്ഥാനം നഷ്ടമായതിന് കാരണക്കാരനായത് ജസ്റ്റിസ് സിറിയക്ക് ജോസഫാണ് എന്ന ധാരണയിൽ ആ ഉന്നം വെച്ചു കൊണ്ടുള്ള പ്രതികരണങ്ങളായിരുന്നു അവ എങ്കിൽ പോലും, എങ്കിലും ഈ വിഷയത്തിൽ അദ്ദേഹം എന്തെങ്കിലും മൊഴിഞ്ഞു എന്നത് സ്വാഗതാർഹം തന്നെ. നന്ദി, Dr. K. T Jaleel!
പറയാതെ വയ്യ, പറഞ്ഞു തന്നെയാവണമിത്. തുടർന്ന് വായിക്കുമല്ലോ, പ്ലീസ് ; 
കേരള ഹൈക്കോടതി ഉൾപ്പെട്ട കോഴ ആരോപണ കേസ് സംബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങൾ നോക്കി കാണുമ്പോൾ എന്നിൽ പുച്ഛമുണർത്തുന്നത്, എന്നിൽ അറപ്പുളവാക്കുന്നത് പല ഘടകങ്ങളാണ്. ഈ വിഷയത്തെ സംബന്ധിച്ച് ഡോ. ജലീൽ അല്ലാതെ രാഷ്ട്രീയകേരളത്തിലെ മറ്റ് പ്രബുദ്ധനേതാക്കന്മാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടി മുതൽ മാറ്റി മറ്റൊരെണ്ണം വെച്ചു കൊടുത്തു എന്ന കുറ്റത്തിന് വിചാരണ നേരിടുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഇടക്കാലഉത്തരവ് നേടിയതിന്റെ ബലത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായി തുടരുന്ന അഡ്വ. ആന്റണി രാജുവിന്റെ മൗനത്തിന്റെ പിന്നിലെ കാരണം എനിക്ക് മനസ്സിലാവും. ബാക്കിയുള്ള മന്ത്രിമാരൊക്കെ എവിടെ? കേരളത്തിന്റെ മുഖ്യമന്ത്രിയെ വഴിയിലൊന്നും ഒത്തുകിട്ടാത്തത് കൊണ്ടാവുമോ മൂപ്പരുടെ അഭിപ്രായം ചോദിച്ചറിഞ്ഞ് നമ്മുടെ മാധ്യമക്കാര് നമുക്ക് പറഞ്ഞു തരാത്തത്? ആഗോളപ്രതിഭ വിശ്വപൗരൻ കേരളത്തിന്റെ ബുദ്ധിജീവി രാഷ്ട്രീയ നേതാവ് ശശി തരൂർ 'ഹൈക്കോടതി ജഡ്ജിമാർക്കുള്ള കോഴ' വിഷയത്തിൽ ഒരു റ്റ്വീറ്റ് പോലും ചെയ്തു കണ്ടില്ല. കേരളത്തിന്റെ നിയമമന്ത്രി അഡ്വ. പി. രാജീവിന് എന്താണ് ഈ വിഷയത്തിൽ പറയാനുള്ളത്? അഭിഭാഷകവൃത്തിയിൽ തിളങ്ങി നിൽക്കുന്ന നേരത്ത് അതൊക്കെ ഇട്ടെറിഞ്ഞ്, ഗവർണർ പട്ടം കിട്ടിയപ്പോൾ പുതിയ പച്ച പരവതാനി തേടി നാട് വിട്ടുപോയ അഡ്വ. പി. എസ്.ശ്രീധരൻപിള്ള എന്തേ ഒന്നും മിണ്ടുന്നില്ല? ഹൈക്കോടതി അഭിഭാഷകസംഘടനയിലെ അംഗം കൂടിയായ നമ്മുടെ പ്രതിപക്ഷനേതാവ് അഡ്വ.വി.ഡി. സതീശനോ? അഡ്വ. സൈബിയുടെ ഊറ്റ ചങ്ങാതിയും എർണാകുളം എം.പി യുമായ ഹൈബി ഈഡൻ? KPCC മേധാവി കെ.സുധാകരൻ? കെ. സുരേന്ദ്രൻ ? കാനം രാജേന്ദ്രൻ ? എം. എ ബേബി? കെ. മുരളീധരൻ? വി.റ്റി ബൽറാം ? ഇത്യാദികൾ ഒക്കെ എവിടെ? ഇപ്പറഞ്ഞ പേരുകൾ വെറും സാമ്പിളുകൾ മാത്രമാണ് എന്നത് പരിഗണിക്കുമല്ലോ ....
മാത്രമല്ല; ഹൈക്കോടതിയിലെ തന്നെ സീനിയർ അഭിഭാഷകർ ഈ അവസരത്തിൽ പാലിക്കുന്ന കുറ്റകരമായ മൗനത്തിന് കാരണം അവരിൽ ചിലരെങ്കിലും സൈബി ജോസ് കിടങ്ങൂറിന്റെ കോഴ ഇടപാടുകളുടെ ഉപഭോക്താക്കളും ഗുണഭോക്താക്കളുമായത് കൊണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്. ബാക്കിയുള്ളവർക്ക് പൊതുവിഷയങ്ങളിൽ സ്വതവേ സ്വന്തം അഭിപ്രായം ഉറക്കെ പറയാനുള്ള ചങ്കൂറ്റം ഇല്ലാത്തത് കൊണ്ടാണ്. ഇതിപ്പോൾ സ്വന്തം തൊഴിൽ മേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന സന്ദർഭമായിട്ട് കൂടി എങ്ങനെയാണ് അവർക്കൊക്കെ മുഖം തിരിച്ചു നിൽക്കാനാവുന്നത്? കഷ്ടം തന്നെ. പരമ കഷ്ടം! ഏറ്റവും പരിതാപകരവും ശോചനീയവും എന്ന് പറയുന്നത് നാട്ടിലെ പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ, ഹൈക്കോടതിയിലെ ഇതരസംഘടനകളുടെ ഈ വിഷയത്തിലുള്ള പ്രതീകരണങ്ങളും നിലപാടുകളുമാണ്. കോൺഗ്രസിനും ആ പേരിന്റെ വകഭേദങ്ങൾക്കും മുസ്ലീം ലീഗിനും ഒക്കെ അഭിഭാഷകസംഘടനങ്ങൾ ഉള്ളത് - ഇങ്ങനൊരു സംഭവം നാട്ടിൽ നടക്കുന്നത് അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല അവർ. BJP വക എന്തോ പ്രസ്താവന നടത്തിയതായി പറഞ്ഞറിഞ്ഞു. ഉള്ളടക്കം കണ്ടില്ല. കോൺഗ്രസ്സ് അനുഭാവിയായ സൈബി ജോസ് കിടങ്ങൂർ BJP ഭരണകാലത്ത് ഒരു കാലയളവിൽ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള കസ്റ്റംസ് വകുപ്പിന്റെ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിരുന്നത് അധികമാർക്കും അറിയില്ല. 
CPM ന്റെ AlLU ഒരു പത്രകുറിപ്പ് ഇറക്കി, കേസന്വേഷണം നേർവഴിക്ക് നടക്കണമെന്നും ഹൈക്കോടതി അഭിഭാഷക സംഘടനയുടെ സ്ഥാനത്ത് നിന്ന് സൈബി ജോസ് കിടങ്ങൂർ മാറി നിൽക്കണമെന്നും ആഹ്വാനം ചെയ്താവശ്യപ്പെട്ടു. മഹത്തരം! CPI യുടെ IAL ന്റെ കസ്രത്താണ് കേമമായത്. Forwarded many times എന്ന ഗണത്തിൽ ആദ്യമൊരു വാട്ട്സാപ്പ് ഇടയലേഖനം നാട് മുഴുവൻ പാറി പറന്നു നടക്കുന്നു. സൈബി ജോസ് കിടങ്ങൂർ തന്നെ സ്വയം എഴുതിയത് എന്ന് തോന്നിപ്പിക്കുന്ന വിധം ഇരവാദത്തിൽ മുങ്ങി കുളിച്ച്, ഹൈക്കോടതിയെ പ്രതിസ്ഥാനത്ത് നിർത്തി കൊണ്ടുള്ളതാണ് ആ പ്രസ്ഥാവന. അതുമല്ലെങ്കിൽ സംഘടനയുടെ ഭാരവാഹികൾ ആരോ നാല്ലെണ്ണം വിട്ടിട്ട് മദ്യത്തിന്റെ ലഹരിയിൽ എഴുതിയിറക്കിയത്. എന്തായാലും വാട്ടർ ഇറങ്ങിയതോ അതോ കാര്യങ്ങൾ ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടതോ നേരത്തോട് നേരമാവും മുൻപ് അതൊരു വ്യാജമെസേജാണെന്നും ഒറിജിനൽ ദാ ഇതാണ് എന്നും പറഞ്ഞ് മറ്റൊരു വാട്ട്സാപ്പ് പ്രസ്താവന കൂടി പുറത്തിറങ്ങി. AlLU പറഞ്ഞത് ഏറ്റുപാടും പോലെ കഴിഞ്ഞ ദിവസം പത്രകുറിപ്പിന്റെ ഫോർമാറ്റിൽ ഒരെണ്ണം കിട്ടി. AlLU- IAL സംഘടനകളിലെ അംഗങ്ങൾ അടങ്ങുന്ന ഭൂരിപക്ഷമാണ് കേരള ബാർ കൗൺസിൽ  ഇപ്പോൾ. നാട് മുഴുവൻ അറിഞ്ഞിട്ടും സൈബി ജോസ് കിടങ്ങൂർ വിഷയം കേരള ബാർ കൗൺസിൽ അറിഞ്ഞിട്ടില്ല എന്നത് അനുമാനിക്കാവുന്നതാണ്.
മാത്രമല്ല AlLU- IAL സംഘടനയിലെ പ്രമുഖരാണ് കേരളാ ഹൈക്കോടതിയിലെ ഇപ്പോഴുള്ള അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസും പിന്നെ എവിടെയും താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവരും. എന്നിട്ടും സൈബി ജോസ് കിടങ്ങൂർ ഉൾപ്പെട്ട അഴിമതി ആരോപണം സംബന്ധിച്ച കേസന്വേഷണത്തിൽ എന്തുകൊണ്ടാണ് ഇവരൊക്കെ പത്രകുറിപ്പ് ഇറക്കികളിക്കുന്നത്? സൈബി ജോസ് കിടങ്ങൂർ കുറ്റാരോപിതനായ അഴിമതി കേസിൽ ഇവർക്കൊക്കെ എന്തുകൊണ്ടാണ് ഒരു മെല്ലേപോക്ക് നയം, സമവായം, നിഗൂഡത... ഇത്യാദി? 
കേരളാ ഹൈക്കോടതി അഭിഭാഷക സംഘടനയുടെ നിലവിലുള്ള നിയമാവലിയിൽ, അഴിമതി ആരോപണത്തിന്മേൽ അന്വേഷണം  നേരിടുന്ന സാഹചര്യത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രസിഡന്റ് ആ സ്ഥാനത്ത് തുടരണമോ തുടരാൻ പാടുണ്ടോ എന്ന കാര്യത്തിൽ നിബന്ധനങ്ങൾ മാത്രമല്ല പരാമർശം പോലുമില്ല. അഭിഭാഷകവൃത്തിയെ ആകെമാനം കളങ്കപെടുത്തും വിധമുള്ള ഏറ്റവും ഗൗരവതരമായ അഴിമതി ആരോപണത്തിന്മേൽ കേസന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂർ സ്വമേധയാ പ്രസിഡണ്ട് സ്ഥാനം ഒഴിയാൻ തയ്യാറാവുന്നില്ല എന്നിരിക്കെ, സംഘടനയുടെ ജനറൽ ബോഡി വിളിച്ചു കൂട്ടി പ്രസിഡണ്ടിനെതിരെ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. കേരളാ ഹൈക്കോടതി അഭിഭാഷക സംഘടനയുടെ വോട്ടർ പട്ടികയിലെ സജീവവിഭാഗം എന്ന് കരുതാവുന്നതിൽ ഒരു വലിയ പങ്ക് AlLU- IAL സംഘടനയിലെ അംഗങ്ങളാണ്. ഇക്കൂട്ടരുടെ കൂടി വോട്ടുകൾ അട്ടിമറിച്ചു കൊണ്ടാണ് കോൺഗ്രസ്സ് അനുഭാവിയായ സൈബി ജോസ് കിടങ്ങൂർ സംഘടനാ തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്നത് എന്നത് വോട്ടർ പട്ടികയിലെ പോളിംഗ് നടന്ന കണക്കുകൾ തെളിവാണ്. അഴിമതി നടത്തി എന്ന് ഹൈക്കോടതി വിജിലൻസ് റജിസ്ട്രാറുടെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സൈബിക്കെതിരെ AlLU- IAL പ്രാപ്തനായ ഒരു സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ പോലും തയ്യാറാവാതെയാണ് സൈബി ജോസ് കിടങ്ങൂർ എന്ന ഉപജാപപ്രതിഭാസത്തിന് മുന്നിൽ, സൈബി ജോസ് കിടങ്ങൂർ എന്ന സ്വാധീനകാന്തവലയത്തിന് മുന്നിൽ കീഴടങ്ങിയത്. എന്നിട്ടാണ് ഇവരൊക്കെ പത്രകുറിപ്പ് ഇറക്കി കളിക്കുന്നത്. നാട്ടുകാരെ പറ്റിക്കാനായിട്ട് ഓരോരോ ഉഡായിപ്പുകളുമായി ഇറങ്ങിയിരിക്കുന്നത്. എന്താല്ലേ? 
AlLU- IAL സംഘടനകൾ സംയുക്തമായി പ്രവർത്തിച്ച് രണ്ടോ മൂന്നോ വാട്ട്സാപ്പ് ആഹ്വാനങ്ങൾ നടത്തിയാൽ മതി കേരളാ ഹൈക്കോടതി അഭിഭാഷകസംഘടനയിൽ അംഗത്വമുള്ള, കൊച്ചിയിലെ മാത്രമല്ല കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും നിന്നുളള അഭിഭാഷകരെ ഏകോപിപ്പിച്ച് കൊണ്ട് ഒരു ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടാൻ യാതൊരു ബുദ്ധിമുട്ടും അവർക്കില്ല തന്നെ. ഹൈക്കോടതി ജഡ്ജിമാർക്ക് കോഴ നൽകാൻ കക്ഷികളിൽ നിന്ന് പണം വാങ്ങി എന്ന അഴിമതിയാരോപണം സംബന്ധിച്ച് സൈബി ജോസ് കിടങ്ങൂറിനെതിരെയുള്ള കേസസ്വേഷണം തീരുന്നത് വരെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു കൊണ്ട് വേണ്ടുന്ന ഒരു റെസല്യൂഷൻ അവതരിപ്പിച്ച് ഹൈക്കോടതി അഭിഭാഷക സംഘടനയുടെ ജനറൽ ബോഡിയിൽ തീരുമാനമെടുപ്പിക്കാൻ AlLU- IAL സംഘടനകൾക്ക് നിഷ്പ്രയാസം സാധിക്കും എന്നിരിക്കെ എന്തുകൊണ്ടാണ് അവരത് ചെയ്യാത്തത്? 
ഇനി മേൽപറഞ്ഞവരൊക്കെ നിയമം നിയമത്തിന്റെ വഴി പോകണം പോകട്ടെ എന്ന സമീപനമാണ് പാലിക്കുന്നത് എങ്കിൽ, എങ്കിലും എനിക്ക് ഈ വിഷയത്തിൽ അങ്കലാപ്പുകളും ആശങ്കകളും ഒരുപാടുണ്ട്. 
അഡ്വ. സൈബി ജോസ് കിടങ്ങൂർ ഉൾപ്പെട്ട അഴിമതി കേസിൽ പ്രാരംഭനടപടിയായി ഹൈക്കോടതി വിജിലൻസ് റജിസ്ട്രാർ അന്വേഷണം നടത്തുകയും പ്രഥമദൃഷ്ട്യാ സൈബി ജോസ് കിടങ്ങൂർ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ റിപ്പോർട്ട് നിലവിലുണ്ട് എന്നിരിക്കെ കേസിന്റെ തുടർനടപടികൾക്കായി ആ ഫയൽ എങ്ങനെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ മേശപുറത്ത് എത്തിയത്? എന്തിനാണ്, എങ്ങനെയാണ് നിയമത്തിന്റെ ഏത് വഴിയിലൂടെയാണ് അഴിമതിയാരോപണം സംബന്ധിച്ച കേസ് ഫയൽ പോലീസ് ആസ്ഥാനത്തേക്ക് എത്തിച്ചത്? അതല്ല നിയമത്തിന്റെ വഴി എന്നത് ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് അറിയാത്തതല്ലല്ലോ? ആരെ സംരക്ഷിക്കാനാണ് നിയമത്തിന്റെതല്ലാത്ത വഴി ഹൈക്കോടതി സ്വീകരിച്ചത്? നാട്ടിൽ അഴിമതി നിരോധന നിയമം എന്നൊന്നുണ്ടല്ലോ? ആ നിയമം നടപ്പിലാക്കാനായി അതിനായി സ്പെഷ്യൽ കോടതികളും വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ എന്നൊരു വകുപ്പും  പ്രവർത്തിക്കുന്നുണ്ട്. ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ കണ്ടെത്തലുകളുടെ തുടർനടപടിക്കൾക്കായി വേണ്ടുന്ന നിയമോപദേശം നൽകുന്ന അഡ്വക്കേറ്റ് ജനറലിനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനും ശരിയായ നിയമം അറിയാത്തതല്ലല്ലോ? കേസ് VACB യിലേക്ക് ഫോർഫേഡ് ചെയ്യാതെ ഹൈക്കോടതി നിയമത്തിന്റെതല്ലാത്ത വഴി തേടിയത് എന്തുകൊണ്ടാണ്? മടിയിൽ ഘനമുള്ള ന്യായാധിപർ കേരളാ ഹൈക്കോടതിയിലുണ്ട് അതുകൊണ്ടാണ് ഇപ്പറഞ്ഞ കേസ് റൂട്ട് മാറ്റി തിരിച്ച് വിട്ടത് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. 
അഴിമതിനിരോധന നിയമത്തിന്റെ അധികാരഉപയോഗം തേടേണ്ടുന്ന കേസ് എങ്ങനെയാണ് കൊച്ചിയുടെ ലോ ആന്റ് ഓർഡർ ചുമതല വഹിക്കുന്ന കൊച്ചി സിറ്റി പോലീസ് മേധാവി അന്വേഷിക്കുന്നത്? കേരളാ ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് നൽകാൻ ഒരു അഭിഭാഷകൻ കോഴ വാങ്ങി എന്ന് വിജിലൻസ് റജിസ്ട്രാർ കണ്ടെത്തിയിട്ടുണ്ട് എന്നിരിക്കെ എന്തുകൊണ്ടാണ് PC Act അനുശാസിക്കുന്ന വിധം കേസന്വേഷണം നടത്താൻ specialised expertise നേടിയ കുറ്റാന്വേഷണവിദഗ്ദർ എന്ന കരുതപ്പെടുന്ന VACB യെ ഈ കേസിന്മേലുള്ള അന്വേഷണം ഏൽപ്പിക്കാത്തത്, ആരാണ് ഇതിനൊക്കെ തടസ്സം നിൽക്കുന്നത്? ഒരു സ്പെഷ്യൽ ഇൻസ്റ്റിഗേഷൻ റ്റീം രൂപീകരിക്കുകയും ധൃതഗതിയിൽ അന്വേഷണം നടത്തി പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് ശരിയും കൃത്യവുമായ നിയമത്തിന്റെ വഴി. ആ വഴിയിലല്ല സൈബി ജോസ് കിടങ്ങുറിനെതിരെയുള്ള കേസന്വേഷണം ഇപ്പോൾ നടക്കുന്നത്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ വഴി ഉപദേശിച്ചു കൊടുത്തത്, നിയമത്തിന്റെ നേർവഴി പറഞ്ഞു കൊടുക്കാതെ കേസിനെ റൂട്ട് മാറ്റി വിട്ടതാരാണ്? ഈ ചോദ്യങ്ങൾ എന്തുകൊണ്ടാണ് ആരും ഉന്നയിക്കാത്തത്? വഴി തെറ്റി നീങ്ങുന്ന ഒരു കേസന്വേഷണത്തെ പിടിച്ചു നിർത്തി നേർവഴി കാണിച്ചു കൊടുക്കാൻ എന്തുകൊണ്ടാണ് ആരും സ്വരം ഉയർത്താത്തത്, വേണ്ടുന്നത് ചെയ്യാത്തത്, വേണ്ടാത്തത് ചെയ്തു വെക്കുന്നത്? 
കോടതിയുടെ മുന്നിലെത്തുന്നവർക്ക് നിയമം അനുശാസിക്കുന്ന, നിയമം അനുവദിക്കുന്ന ഉത്തരവ് നേടാൻ, ആ ഉത്തരവ് പുറപ്പെടുവിക്കുന്ന ജഡ്ജിക്ക് കോഴ കൊടുക്കണം, കോഴ കൊടുത്താൽ അത് നേടാനാവും എന്ന ധാരണ പൊതുജനമനസ്സിൽ രൂപപ്പെടുകയാണ്. ഞാനും  നിങ്ങളുമൊക്കെ നമ്മുടെ അവകാശങ്ങൾ പോരാടി നേടാനും സങ്കടങ്ങൾക്ക് നിവർത്തി തേടികൊണ്ടുമൊക്കെ കോടതിയെ സമീപിക്കുമ്പോൾ, ജഡ്ജിക്ക് കോഴ നൽകിയാലെ അത് സാധിക്കൂ എന്ന അവസ്ഥ അങ്ങ് ദൂരെ വളവ് തിരിഞ്ഞ് ചെല്ലുന്നിടത്തുണ്ട്. കേരളാ ഹൈക്കോടതി അഭിഭാഷക സംഘടനയുടെ പ്രസിഡണ്ട് അഡ്വ. സൈബി ജോസ് നേരിടുന്ന അഴിമതി ആരോപണം സംബന്ധിച്ച കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്ന നിയമത്തിന്റെ വഴി പോകുന്നത് അങ്ങോട്ട് എത്താനാണ്. അഡ്വ. സൈബി ജോസ് ഉൾപ്പെട്ട അഴിമതി ആരോപണം സംബന്ധിച്ച കേസിൽ ഹൈക്കോടതിയുടെ നടപടികൾ നാട്ടിലെ നിയമലോകത്തിന് നൽകിയ സംഭാവന അതാണ്. 
ഇത്രയും പറഞ്ഞു വെച്ചതിന്റെ തുടർച്ച എന്നതാണ് ഈ നാട്ടിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ ഉഗ്രവിഷചിറ്റല് ! Vigilance & Anti Corruption Bureau എന്ന VACB, Kerala യുടെ തലപ്പത്ത് ഇപ്പോൾ ഇരിക്കുന്നത് ആരാണ് എന്നറിയുമോ നിങ്ങൾക്ക്? വകയിൽ സൈബി ജോസ് കിടങ്ങൂറിന്റെ അപ്പച്ചിയുടെ മകനോ എന്ന് ആരും സംശയിച്ചു പോകും! മനോജ് എബ്രഹാം ഐ.പി.എസ് ! അഴിമതി നടത്തി എന്ന ആരോപണത്തിൻമേൽ വിജിലൻസ് കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ പോയി വിശിഷ്ഠസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി വന്ന കേമനാണ് മൂപ്പര്! തീർന്നില്ല, അപ്പറഞ്ഞ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ADGP റാങ്ക് മാത്രമുള്ള കുറ്റാരോപിതനെ നമ്മുടെ സർക്കാർ DGP റാങ്കിലുള്ള പദവിയായ VACB ഡയറക്ടറായി നിയമിക്കുന്നു. എന്നിട്ട് മൂക്കാതെ പഴുത്ത ADGP മനോജ് എബ്രഹാം, VACB Director എന്ന DGP പദവിയിലിരുന്ന് കൊണ്ട് കരുക്കൾ നീക്കി തനിക്കെതിരെ വിജിലൻസ് കോടതിയുടെ മുന്നിലുളള കേസ് തീർപ്പാക്കി എടുക്കുന്നു. കേസിലെ പരാതിക്കാരൻ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞു കൊണ്ട് പിൻമാറുന്നു, എന്നിട്ടും കോടതിയും പ്രോസിക്യൂഷനും ചേർന്ന് കുറ്റാരോപിതന് അനുകൂലമായി കേസിൽ തീരുമാനം എടുക്കുന്നു. ഇവിടെ പ്രോസിക്യൂഷൻ എന്നാൽ മനോജ് എബ്രഹാം മേധാവിയായിയിരിക്കുന്ന VACB യിലെ കീഴുദ്യോഗസ്ഥനായ അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കോടതി മുൻപാകെ വാദം പറഞ്ഞ പ്രോസിക്യൂട്ടർ എന്നാണർത്ഥം. അങ്ങനെയുള്ള ഒരു ഭാഗം വാദം മാത്രം കേട്ടുകൊണ്ട് കോടതി കേസ് ക്ലോസാക്കുന്നു. അത്തരത്തിൽ കുറ്റവിമുക്തനായ ADGP റാങ്കുള്ള മനോജ് എബ്രഹാം ഐ.പി.എസ്. എന്ന ഉപജാപങ്ങളുടെ അധോലോകനായകനാണ് ഇപ്പോൾ VACB ഡയറക്ടർ! ഓർമ്മയില്ലേ സൗദി രാജാവും റാണിയും നമ്മുടെ രാജ്ഭവനിൽ എത്തിയപ്പോൾ റൂട്ട് മാറ്റി വിട്ട് അവരെ ക്ലീഫ് ഹൗസിലേക്ക് എത്തിച്ചു കൊടുത്ത മനോജ് എബ്രഹാം ഐ.പി.എസ് ?? എന്നിട്ട് രാഷ്ട്രപതിയുടെ മെഡൽ നേടിയ ADGP മനോജ് എബ്രഹാം, VACB Director ആയി പരിണമിച്ച മനോജ് എബ്രഹാം! നിയമം നിയമത്തിന്റെ വഴി പോയാൽ തന്നെ അപ്പച്ചിടെ മോനും മച്ചുനനും കൂടി എന്തുണ്ടാക്കും എന്നാണ് ഇനി കാണേണ്ടത് !! 
സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതി ജഡ്ജിയായും മനോജ് എബ്രഹാം സംസ്ഥാന പോലീസ് മേധാവിയായും ഒരുമിച്ച് വരുന്നൊരു കാലഘട്ടം കേരളനാട്ടിൽ അസാധ്യമല്ല എന്നർത്ഥം. 
ഞാനിതൊക്കെ പറഞ്ഞു വെച്ചത് ഇപ്പറഞ്ഞ അവസ്ഥകൾക്ക് എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമെന്ന് കരുതിയല്ല. എങ്കിലും പറയാതെ വയ്യ എനിക്ക്! പ്രതീക്ഷ കൈവെടിയുക വയ്യ എനിക്ക് !